കണ്ണൂർ: ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബ് വധക്കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം വിചാരണ നാളെ ആരംഭിക്കും. തലശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ കോടതിയെ സമീപിച്ചതും തുടർന്നുണ്ടായ നിയമപോരാട്ടങ്ങളും ഇടത് സർക്കാരിന്റെ തടസവാദങ്ങളുമാണ് വിചാരണ ഇത്രയും വൈകാൻ കാരണമായത്. 2018 ഫെബ്രുവരി 12-നാണ് എടയന്നൂർ തെരൂരിലെ തട്ടുകടയിൽ വെച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയതായിരുന്നു ഈ കൊലപാതകം.
സംഭവത്തിന് പിന്നാലെ മട്ടന്നൂർ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആകാശ് തില്ലങ്കേരി, രഞ്ജിത് രാജ്, ജിതിൻ, ദീപക് ചന്ദ് ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരെ പിന്നീട് പാർട്ടി പുറത്താക്കി.
ഷുഹൈബ് വധക്കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും, സംസ്ഥാന സർക്കാർ ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.
തുടർന്ന് കേസ് സുപ്രീംകോടതിയിലെത്തുകയും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന വിധി വരികയും ചെയ്തു. കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവരുന്നതിനായി സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപയാണ് ചിലവഴിച്ചത്.
കൊലപാതകം നടന്ന് വർഷങ്ങൾക്ക് ശേഷവും കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായി തുടരുന്ന കേസാണിത്. തങ്ങളെക്കൊണ്ട് കൊലപാതകം ചെയ്യിച്ചത് എടയന്നൂരിലെ പ്രാദേശിക പാർട്ടി നേതാക്കളാണെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അടുത്ത കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരുന്നു.